
തൃശൂർ: വിദ്യാർത്ഥികളെ പഠനത്തോടൊപ്പം ചെറിയ ജോലികൾ ചെയ്ത് വരുമാനം നേടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂരിലെ 3 സ്‌കൂൾ വിദ്യാർത്ഥിനികൾ ഒരു വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുകയാണ്. പ്രദേശിക മേഖലയിൽ തൊഴിലുകൾ കണ്ടെത്താൻ വിദ്യാർഥികളെ സഹായിക്കുന്നതാണ് ഇവർ മുന്നോട്ടു വയ്ക്കുന്ന ആശയം. തൃശൂർ പുറനാട്ടുകര ശ്രീ ശാരദ ഗേൾസ് എച്ച് എസ് എസ്സിലെ പ്ലസ് വൺ വിദ്യാർഥിനികളായ ശ്രേയ, ഹൃദിക, ഡെൽന എന്നിവരുടെ ആശയമാണ് പ്രാരംഭ ദിശയിൽ തന്നെ ചർച്ച ചെയ്യപ്പെടുന്നത്.

വിദേശ രാജ്യങ്ങളുടെ മാതൃകയിൽ കേരളത്തിലും വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജോലി എന്ന ആശയം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് പുറനാട്ടുകര ശ്രീശാരദ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ശ്രേയ, ഹൃദിക, ഡെൽന എന്നിവർ. ഇതിനായി ഇവർ നിർമ്മിച്ച വെബ്‌സൈറ്റിന്റെ അടിസ്ഥാന രൂപം തയ്യാറായി കഴിഞ്ഞു. ആപ്പിൽ രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ വച്ച് അനുയോജ്യമായ ജോലി എന്തെന്നും എവിടെയെന്നും ഓട്ടോമാറ്റിക്കായി അറിയാൻ സാധിക്കും. ഈ ആപ്ലിക്കേഷൻ വഴി പഠന സമയത്തിന് ശേഷം വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പാർട്ട് ടൈം ജോലി കണ്ടെത്തി വരുമാനം നേടിക്കൊടുക്കുകയാണ് ലക്ഷ്യം. ഇങ്ങനെ ലഭിക്കുന്ന പണം തുടർ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകും. ഇടത്തരം കുടുംബ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്നവർക്കായിരിക്കും കൂടുതൽ ഉപകാരപ്രദമാകുക.
ആശയത്തിന്റെ പ്രാരംഭ ഘട്ടം പൂർത്തിയായെങ്കിലും ആപ്ലിക്കേഷൻ പൂർണമായി പ്രവർത്തന സജ്ജമാകാൻ ഇനിയും കടമ്പകൾ ഏറെയാണ്. കൃത്യമായ സാങ്കേതി സഹായവും, നിർമ്മാണ ചിലവും ഇവർ കണ്ടെത്തേണ്ടതുണ്ട്. ഇവരുടെ ആശയം അടുത്ത മാസം നടക്കുന്ന മുഖ്യമന്ത്രിയടക്കം പങ്കെടുക്കുന്ന യങ്ങ് ഇന്നോവേറ്റീവ് പ്രോഗ്രാമിൽ അവതരിപ്പിക്കും.
ഡിജിറ്റൽ സാങ്കേതിക വിദ്യ സമസ്ത മേഖലകളിലും ചുവടുറപ്പിച്ച ഇക്കാലത്ത് പണത്തിനായി വിദ്യാർത്ഥികൾ അടങ്ങുന്ന യുവജനത തെറ്റായ വഴികൾ തേടുന്നതിന് എതിരായായാണ് തങ്ങളുടെ ഉദ്യമം എന്നും വിദ്യാർത്ഥിനികൾ പറയുന്നു.
