
പുത്തൂർ: തൃശൂർ ജില്ലക്കും കേരളത്തിനാകെയും അഭിമാനമായ പുത്തൂർ മൃഗശാല ഇന്ന് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. രാവിലെ 8ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും, റവന്യൂ മന്ത്രി കെ. രാജനും ചേർന്ന് പാർക്കിലേക്കുള്ള ആദ്യ ടിക്കറ്റെടുത്ത് സന്ദർശനത്തിനു തുടക്കം കുറിക്കും. തൃശൂർ ചെമ്പൂക്കാവിലെ മൃഗശാല 336 ഏക്കറിലെ വിസ്തൃതമായ സ്ഥലത്തേക്ക് ജീവികളെ മാറ്റണമെന്ന 30 വർഷത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. 14 ആവാസ വ്യവസ്ഥകളിലാണ് വിവിധ ജീവികളെ പാർപ്പിച്ചിരിക്കുന്നത്. ജിറാഫ് ഉൾപ്പെടെയുള്ള വിദേശ മൃഗങ്ങളെ കൊണ്ടു വരാൻ നാലു കോടി രൂപ അഡ്വാൻസ് നൽകിയതായും മന്ത്രി കെ.രാജൻ അറിയിച്ചു.
രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരിക്കും പ്രവേശനം. തിങ്കളാഴ്ച അവധിയായിരിക്കും. മുതിർന്നവർക്ക് 100 രൂപയും 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 30 രൂപയും മുതിർന്ന പൗരന്മാർക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികൾക്ക് പ്രവേശനം സൗജന്യവുമായിരിക്കും. ഹെഡ് മാസ്റ്ററുടെയോ പ്രിൻസിപ്പലിന്റെയോ അനുമതിയോടെ സ്‌കൂൾ യൂണിഫോമിൽ ഗ്രൂപ്പായി വരുന്ന വിദ്യാർഥികൾക്ക് ഇളവുകളോടെയുള്ള പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. കിന്റർഗാർട്ടൻ, എൽകെജി, യുകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് 30 രൂപ നിരക്കിലും 20 വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക അല്ലെങ്കിൽ ജീവനക്കാരൻ എന്ന നിലയിൽ ഒരാൾക്ക് 30 രൂപ നിരക്കിലും പ്രവേശനം അനുവദിക്കും. ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്ങിനായി 25 രൂപയും ഓട്ടോറിക്ഷകൾക്ക് 30 രൂപയും കാർ അല്ലെങ്കിൽ ജീപ്പ് എന്നിവയ്ക്ക് 100 രൂപയും 32 സീറ്റുകൾ വരെയുള്ള വാൻ, മിനി ബസ് എന്നിവയ്ക്ക് 175 രൂപയും ബസുകൾക്ക് 250 രൂപയും പാർക്കിങ് ഫീസായി നൽകണം. സ്റ്റിൽ ക്യാമറയ്ക്ക് 350 രൂപയും വിഡിയോ ക്യാമറയ്ക്ക് 750 രൂപയും ക്ലോക്ക് റൂമിന് 25 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്.
സുവോളജിക്കൽ പാർക്ക് ചുറ്റിക്കാണുന്നതിനായി കെഎസ്ആർടിസിയുടെ 2 നോൺ എസി ഇലക്ട്രിക് ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. ഈ ബസുകളിൽ മുതിർന്നവർക്ക് 50 രൂപയും അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 25 രൂപയുമായിരിക്കും നിരക്ക്. സുവോളജിക്കൽ പാർക്കിന്റെ നടത്തിപ്പിനായി അഡൈ്വസറി കമ്മിറ്റിയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഗവേണിങ് ബോഡിയും ഉൾപ്പെടെയുള്ള സൊസൈറ്റി ആയിരിക്കും പ്രവർത്തിക്കുക. ആ സൊസൈറ്റിയിൽ രാഷ്ട്രീയപരമായ തിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ല. വകുപ്പ് മന്ത്രി അധ്യക്ഷനായി പ്രസ്തുത പോസ്റ്റുകളിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ചുമതല നൽകിക്കൊണ്ടായിരിക്കും സൊസൈറ്റിയുടെ രൂപകൽപന.
