Women’s Day Special – പരിമിതികൾക്കപ്പുറമുള്ള ധൈര്യം: രത്നം പി.ജിയുടെ പ്രചോദനകരമായ ജീവിതയാത്ര

രത്നം പി ജി (വീഡിയോ കാണാൻ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക)

നെടുപുഴ/തൃശൂർ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് തൃശ്ശൂരിൽ നിന്നും പരിചയപ്പെടുത്താനുള്ളത്  Rathnam P G എന്ന സ്‌കൂൾ ടീച്ചറുടെ ജീവിതകഥയാണ്. ഏത് പ്രതിസന്ധിയെയും ഉറച്ച മനസോടെ അതിജീവിക്കാനാകുമെന്ന് തെളിയിക്കുന്നതാണ് രത്നം ടീച്ചറുടെ ജീതിതകഥ. തൃശൂർ നെടുപുഴ സ്വദേശിയായ രത്നത്തിന്റെ ജീവിതം രണ്ടാമത്തെ വയസ്സിൽ തന്നെ വലിയ വെല്ലുവിളി നേരിട്ടു തുടങ്ങിയതാണ്. പോളിയോ ബാധിച്ചതിനെ തുടർന്ന് ഇടത് കാലിന് സ്വാധീനം നഷ്ടപ്പെട്ടു. എന്നാൽ ജീവിതത്തെ പരിമിതികളിൽ ഒതുങ്ങേണ്ട അവസ്ഥയിലായിട്ടും അതിനെ അതിജീവിച്ച് രത്നം അസാധാരണമായ ധൈര്യത്തിന്റെ യാത്ര ആരംഭിച്ചു.

1972-ൽ എസ്.എസ്.എൽ.സി പാസായ രത്നം പിന്നീട് ശ്രീ കേരളവർമ്മ കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദം നേടി. ബി.എഡ് പഠനകാലത്ത് നടക്കുന്നത് പോലും വലിയ ബുദ്ധിമുട്ടായിരുന്നു, പ്രത്യേകിച്ച് മഴക്കാലത്ത്. എന്നിരുന്നാലും തന്റെ സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ രത്നം തയ്യാറായില്ല. തന്റെ പരിശ്രമങ്ങൾക്ക് രത്നം ഫലം കണ്ടത് 45-ാം വയസ്സിൽ ചേർപ്പിലെ ഒരു സർക്കാർ സ്കൂളിൽ അധ്യാപികയായി നിയമനം ലഭിച്ചതോടെയാണ്. 2011-ൽ ഭിന്നശേഷിക്കാരായ ജീവനക്കാരുടെ വിഭാഗത്തിൽ മികച്ച സർക്കാർ ജീവനക്കാരിയായി കേരള സർക്കാർ ആദരിക്കുകയും ചെയ്തു.

തന്റെ 69-ാം വയസ്സിലും രത്നം ആത്മവിശ്വാസവും പോസിറ്റിവിറ്റിയും നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. നടക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും വീട്ടിലെ നാലുചുവരുകൾക്കുള്ളിൽ ജീവിതം ഒതുക്കാൻ അവൾ സമ്മതിച്ചില്ല. കഴിഞ്ഞ 15 വർഷമായി ചോക്ലേറ്റ്, സാമ്പാർ പൊടി, ചട്നി പൊടി, അച്ചാർ, സോപ്പ് തുടങ്ങിയ വീട്ടിൽ തയ്യാറാക്കുന്ന പല ഉൽപ്പന്നങ്ങളും നിർമ്മിച്ച് ചെറിയ ഹോം ബ്രാൻഡിലൂടെ വിൽപ്പന നടത്തി സ്വയംപര്യാപ്തമായ വരുമാനം കണ്ടെത്തുകയാണ് രത്നം ടീച്ചർ.

ഇതോടൊപ്പം കസ്റ്റമൈസ്ഡ് ‘അലവട്ടം’ പോലുള്ള അലങ്കാര വസ്തുക്കളും മറ്റ് ഹോം ഡെക്കർ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നു. ആദ്യം സമയം ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമമായിത്തുടങ്ങിയ ഈ പ്രവർത്തനം പിന്നീട് പലർക്കും പ്രചോദനമായി മാറി.

എന്നാൽ ഈ വനിതാ ദിനത്തിൽ രത്നം ടീച്ചറെ വേറിട്ട വ്യക്തിയാക്കുന്നത് മറ്റൊരു പ്രവൃത്തിയാണ്. സ്തനാർബുദം ബാധിച്ചു സ്തനങ്ങൾ നീക്കം ചെയ്ത സ്ത്രീകൾക്കായി knitted ‘നോക്കേഴ്സ്’ (നൂൽകൊണ്ടുള്ള കൃത്രിമ സ്തനങ്ങൾ( ഉണ്ടാക്കി നൽകുന്ന സേവന സന്നദ്ധതയോടെയുള്ള ഒരു സംരംഭം കൂടി രത്നം ടീച്ചർ ചെയ്യുന്നുണ്ട്. ഒരിക്കൽ അമല ആശുപതിയിലെ ഡോക്ടർമാർ സ്തനാർബുദ ശസ്ത്രക്രിയക്ക് ശേഷം സ്തനം നീക്കം ചെയ്ത സ്ത്രീകൾക്കായി നെയ്ത്തുകൊണ്ട് ‘നോക്കേഴ്സ്’ തയ്യാറാക്കണമെന്ന് രത്നത്തോട് ആവശ്യപ്പെട്ടിരുന്നു.ഇത് പ്രകാരം തന്റെ നെയ്ത്ത് കഴിവ് ഉപയോഗിച്ച് അവൾ നിർമ്മിച്ച മൃദുവായ പ്രോസ്റ്ററ്റിക് വസ്തുക്കൾ നിരവധി രോഗികൾക്ക് ആശ്വാസമായത് കണ്ടാണ് ഇത്തരത്തിലുള്ള നോക്കേഴ്‌സിന്റെ നിർമ്മാണം സ്ഥിരമാക്കിയത്.

സ്പോഞ്ച്, ജെൽ ടൈപ്പ് എന്നിവ കൊണ്ടുള്ളവ വിപണിയിൽ ഉണ്ടെങ്കിലും ധരിക്കുന്നവർക്ക് ഇറിറ്റെഷൻ ഉണ്ടാക്കുന്നതിനാൽ എല്ലാവരും കോട്ടൺ നൂലുകൊണ്ട് നിർമ്മിച്ച എയർ സർക്കുലേഷൻ ഉള്ള  knitted knockers ആണ് താത്പര്യപ്പെടുന്നത്. തന്റെ മകൾ കുഞ്ഞായിരുന്നപ്പോൾ നൂലുകൾ കൊണ്ട് കുഞ്ഞുടുപ്പുകൾ നെയ്തു നൽകിയ പരിചയമാണ് നോക്കേഴ്‌സ് നിർമ്മിക്കാനുള്ള അടിസ്ഥാന അറിവായത്. ഇപ്പോൾ നിരവധി ക്യാൻസർ അതിജീവിതമാരാണ് തങ്ങളുടെ ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള ആഗ്രഹവുമായി രത്നം ടീച്ചറുടെ സഹായം തേടി എത്തുന്നത്. കൂടാതെ യൂട്യൂബിൽ നിന്നും വീഡിയോ കണ്ടും താൻ നിർമ്മാണം മെച്ചപ്പെടുത്തിയെന്നും രത്നം ടീച്ചർ പറയുന്നു.

സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2014-ൽ കാലിക്കറ്റ് സർവകലാശാലയുടെ ഗോൾഡൻ മദർ അവാഡും രത്നം ടീച്ചറെ തേടിയെത്തി.

ഇപ്പോൾ ടീച്ചർ തന്റെ സമയം കൂടുതലായി ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്നതിനാണ് ചെലവഴിക്കുന്നത്. അഗർബത്തി, സോപ്പ്, ഹാൻഡിക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കാൻ അവരെ പഠിപ്പിച്ച് ആത്മവിശ്വാസവും കഴിവും വളർത്തുകയാണ്.

പരിമിതികളെ അതിജീവിച്ചതിന്റെ കഥ മാത്രമല്ല രത്നത്തിന്റെ ജീവിതം. മാന്യമായ ജീവിതവും സാമ്പത്തിക സ്വാതന്ത്ര്യവും പ്രതീക്ഷയും നൽകുന്ന പ്രചോദനമാണ് വനിതാദിനത്തിൽ രത്നം ടീച്ചർ വനിതകൾക്കായി തന്റെ ജീവിതത്തിലൂടെ പങ്കുവയ്ക്കുന്നത്.

Leave a Reply