കടങ്ങോട്: തൃശ്ശൂർ എരുമപ്പെട്ടിയിൽ കിടപ്പു രോഗിയായ വയോധികയെ വീടിനുള്ളിൽ കയറി കടിച്ചു കൊന്ന നായയെ പിടികൂടി നാട്ടുകാർ തല്ലിക്കൊന്നു. ഇന്നലെ രാത്രി നാട്ടുകാരും പോലീസും ചേർന്നാണ് നായയെ പിടികൂടാൻ രംഗത്തിറങ്ങിയത്. എന്നാൽ നായയെ കണ്ടെത്തിയതോടെ നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊല്ലുകയായിരുന്നു.

എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപ്പടിയിൽ വയോധികയെ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് തെരുവ് നായ കടിച്ച് കൊന്നത്. കിടപ്പ് രോഗിയായ കിഴക്കേപുരയ്ക്കൽ 84 വയസുള്ള കാർത്ത്യായനിയെയാണ് വീടിനകത്ത് കയറി നായ ക്രൂരമായി കടിച്ച് കൊന്നത്.ഇവരുടെ മാനസികാസ്വാസ്ത്യമുള്ള മകൻ 60 വയസുള്ള ദേവദാസനേയും നായ കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു.

ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്.മകനേയും കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടർന്ന് കാർത്ത്യായനി കിടപ്പിലായിരുന്നു. ദേവദാസ് മനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിച്ച് കിടപ്പിലായിരുന്നു.

6.30 ഓടെ സമീപത്തുള്ള  ഇവരുടെ മറ്റൊരു മകൻ മണി ഭക്ഷണം കൊടുക്കാൻ ചെന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇവരെ നാട്ടുകാരും പോലീസും  ആംബുലൻസ് പ്രവർത്തകർ ചേർന്ന് മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക് മാറ്റി. കർത്യാനിയെ ആക്രമിച്ച നായ മറ്റ് വീടുകളിലെ വളർത്ത് നായക്കളേയും കടിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ ഏറെക്കാലമായി നായ്ക്കൾ കറങ്ങി നടക്കുന്നുണ്ടെങ്കിലും ആക്രമണം ഉണ്ടാകുന്നത് ആദ്യമായാണ് എന്ന് അയൽവാസിയായ ശാന്ത പറഞ്ഞു. ശാന്തയുടെ വീട്ടിലെ നായയെയും തെരുവ് നായ ആക്രമിച്ചിട്ടുണ്ട്. നിലവിൽ കടിയേറ്റ മൃഗങ്ങൾക്ക് അടക്കം പേവിഷബാധ സംശയിക്കപ്പെട്ടിട്ടില്ല എങ്കിലും കടിയേറ്റ തങ്ങളുടെ അരുമ മൃഗങ്ങളെ നിരീക്ഷണത്തിൽ ഇട്ടിരിക്കുകയാണ് ഉടമകൾ.

തൊട്ടടുത്ത പ്രദേശത്ത് ചെണ്ടകൾ നിർമിക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വീടുകൾ ഉള്ളതിനാൽ മൃഗ തോലുകളുടെ അവശിഷ്ടങ്ങൾ ഭക്ഷിക്കാനായി നായ്ക്കൾ എത്തുന്നതാണ് ഇവയുടെ എണ്ണം ക്രമാതീതമായി വർധിക്കാൻ കാരണമെന്ന് പ്രദേശവാസിയായ രാധിക പറഞ്ഞു. അതേസമയം, നായ്ക്കളുടെ വന്ധ്യംകരണമാണ് സർക്കാരിന് ചെയ്യാനാകുക എന്നും മരണപ്പെട്ട വയോധികയുടെ കുടുംബത്തിന് സർക്കാർ സഹായമെത്തിക്കുകയും ചെയ്യുമെന്ന് കുന്നംകുളം എംഎൽഎയും മുൻ മന്ത്രിയുമായ എ സി മൊയ്തീൻ പറഞ്ഞു.

Leave a Reply