
തൃശ്ശൂരിൽ പൊലീസ് ഇൻസ്‌പെക്ടർ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചു. മാള പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആർ രാജേഷിനെയാണ് കോർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കൊല്ലം സ്വദേശിയായ രാജേഷ് രണ്ടുദിവസമായി അവധിയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് ക്വാർട്ടേഴ്‌സിലെത്തിയത്. ഇന്നുരാവിലെ ക്വാർട്ടേഴ്‌സ് തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് ക്വാർട്ടേഴ്‌സ് സ്ഥലത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ രാജേഷിനെ കണ്ടിരുന്നു. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ആത്മഹത്യ ചെയ്യാൻ ഇടയായ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജേഷിന്റെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു . വ്യക്തിപരമായ കാരണങ്ങളാൽ ആണ് ജീവനൊടുക്കുന്നതെന്നും, മരണത്തിന് മറ്റാരും ഉത്തരവാദികളല്ല, തൻറെ മക്കൾ വാങ്ങിച്ച വസ്ത്രം തന്നെ ധരിപ്പിക്കണമെന്നും കുറിപ്പിൽ പറയുന്നുണ്ട് .
